ചെറിയ ഒരു ആലോചനയില്‍ നിന്നാണ് 'കഥപ്പെട്ടി'യുടെ അപ്രതീക്ഷിതമായ തുടക്കം. പക്ഷേ, കാലമേറെ കഴിഞ്ഞും പെട്ടിയില്‍ പുതിയ കഥകളൊന്നും വന്നുവീണില്ല. തിരക്ക്, സമയക്കുറവ് തുടങ്ങിയ സ്ഥിരം ന്യായങ്ങള്‍ തന്നെയാണ് പലപ്പോഴും പെട്ടിയെക്കുറിച്ച് തിരക്കിയ സുഹൃത്തുക്കളോട് പറഞ്ഞതും.
പൊള്ളുന്ന വേനലില്‍ മഴ അപ്രതീക്ഷിതമായി വിരുന്നുവന്നപ്പോള്‍ ഞാന്‍ ആയുര്‍വേദ ചികിത്സക്കായി പൂപ്പത്തിയിലെത്തി. അഷ്ടമിച്ചിറയെപ്പോലെ മാളയുടെ ഒരു അയല്‍ക്കാരനാണ് പൂപ്പത്തി. അഷ്ടമിച്ചിറ ഇന്ന്‍ ഏറെ മാറിയിരിക്കുന്നു. വിദേശങ്ങളില്‍പ്പോയി പുതുപണക്കാരായ നാട്ടുകാര്‍ പണിതുയര്‍ത്തിയ മാളികകള്‍ , മുറുക്കാന്‍ കടമുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് വരെയുള്ള വില്പ്പനശ്ശാലകള്‍ , സന്ധ്യമുതല്‍ രാത്രിയേറുംവരെ ജനം ഇരമ്പിയാടുന്ന തെക്ക് ഭാഗത്തെ ബാറും പരിസരവും... ചുരുക്കത്തില്‍ ഒരു 'കാല്‍ ' പട്ടണമേന്കിലുമാണിന്ന്‍ അഷ്ടമിച്ചിറ. പൂപ്പത്തി പഴയ അഷ്ടമിച്ചിറ പോലെയുണ്ട്!
നിറയെ തെങ്ങുകളും, കവുങ്ങുകളും, വാഴകളുമുള്ള ഒരു തൊടിയിലാണ് DVM എന്ന ഈ ആശുപത്രി. 'ഇരുന്ന്‍' പണിതും, 'ഇരുന്ന്‍' ചിത്രങ്ങള്‍ കണ്ടും, 'ഇരുന്ന്‍' വായിച്ചും ഞാന്‍ 'പണി' കൊടുത്ത നടുവിന്‍റെ സുഖത്തിന് വേണ്ടിയാണ് ഇവിടെയെത്തിയത്. അടുത്ത് എവിടെയോ ഒരു അമ്പലത്തില്‍ നിന്നുള്ള പാട്ടുകളല്ലാതെ മറ്റൊന്നും ശ്രദ്ധയെ മുറിക്കുന്നില്ല. നമ്മള്‍പോലുമറിയാതെ ലളിതമായ ഭക്ഷണം കൃത്യസമയങ്ങളില്‍ മേശപ്പുറത്തെത്തും. വെയിലിന് തിളക്കമേറുമ്പോഴേക്കും എന്‍റെ ചികിത്സ തീരും. അവധി ദിവസങ്ങളിലല്ലാതെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിനും സാദ്ധ്യത കുറവാണ്. കൂട്ടിന്, കയ്യില്‍ കരുതിയ പുസ്തകങ്ങളും എഴുത്ത് പരീക്ഷണത്തിനുള്ള കടലാസുകളും മാത്രം.
രാവിലെ കുഴമ്പിന്‍റെയും എണ്ണയുടേയും തിരകള്‍ ശരീരത്തില്‍ തിമിര്‍ക്കവേയാണ് പഴയ ചില ഓര്‍മ്മകളിലുടക്കിയത്. അടച്ചുവെച്ച പെട്ടി ഞാന്‍ വീണ്ടും തുറക്കുകയാണ്. കഥപ്പെട്ടി തുടരുകയാണ്...
May 4, 2010
May 28, 2009
Subscribe to:
Posts (Atom)